2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

പത്താം ക്ളാസ്സിലെ ഐ.ടി. പരിശീലനം ​ഏപ്രില്‍ 9 മുതല്‍

സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കാനും സ്വന്തമായി അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും പത്താം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നു.
  •  വെബ്‌സൈറ്റ് നിര്‍മാണം
  • കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്
  • ഗ്രാഫിക് ഡിസൈന്‍
  • ഡാറ്റാബേസ് തയ്യാറാക്കല്‍ തുടങ്ങി ഐ.ടി. മേഖലയുടെ ആഴമേറിയ തലങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രൂപകല്പനയോടെയാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിന് ഐ.ടി. Oസ്‌കൂള്‍ അന്തിമ രൂപം നല്‍കിയിരിക്കുന്നത്.

എട്ടും ഒമ്പതും ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ചാണ് പത്തിലെ പുസ്തകവും തയ്യാറാക്കിയത്. ലോഗോ നിര്‍മാണം, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ജി..എസ്. ഉപയോഗപ്പെടുത്തി പ്രാദേശിക തലത്തിലുള്ള വികസനാസൂത്രണങ്ങള്‍ക്ക് ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന പാഠഭാഗവുമുണ്ട്. എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ നിന്നുള്ള ഉദ്ധരണിക്കുശേഷം വിക്കിമാപ്പില്‍ തന്റെ സ്‌കൂള്‍ രേഖപ്പെടുത്താന്‍ കുട്ടിക്ക് കഴിയും. തുടര്‍ന്ന് ചുറ്റുപാടിലെ റോഡും തോടുമെല്ലാം ഭൂപടത്തില്‍ അടയാളപ്പെടുത്താം.
സ്‌കൂളിലേക്കുള്ള വഴി വീതി കൂട്ടിയാല്‍ എത്ര കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നുവരെ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഇതിലൂടെ കഴിയും. സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തെ ക്യുജിസ് എന്ന സ്വതന്ത്ര സോഫ്റ്റ് വേറിലൂടെ ലളിതമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
വരകള്‍ക്ക് ജീവന്‍ പകരാം എന്ന അധ്യായത്തിലൂടെ ദ്വിമാന അനിമേഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ പഠിപ്പിക്കുന്നു. സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ശബ്ദ-ചലച്ചിത്ര ഫയലുകളെ എഡിറ്റ് ചെയ്ത് ഹ്രസ്വ സിനിമകള്‍ നിര്‍മിക്കാനും സഹായിക്കുന്ന ഭാഗവും പാഠപുസ്തകത്തിലുണ്ട്. കൂടാതെ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ്, സീനുകള്‍ യോജിപ്പിക്കല്‍ തുടങ്ങി ചലച്ചിത്ര നിര്‍മാണത്തിന്റെ വ്യത്യസ്ത മേഖലകള്‍ പുസ്തകം പരിചയപ്പെടുത്തുന്നുമുണ്ട്.
കമ്പ്യൂട്ടറിന്റെ ഐ.പി. വിലാസം കണ്ടെത്തല്‍, ഫയലുകളും മറ്റും പങ്കുവെയ്ക്കല്‍ തുടങ്ങി ശൃംഖലാ പ്രവര്‍ത്തനങ്ങളും പത്താംക്ലാസില്‍ പഠിക്കണം. വെബ്‌പേജുകള്‍ തയ്യാറാക്കാനും കഴിയും. നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമുള്ള സ്റ്റെല്ലേറിയം സോഫ്റ്റ് വേര്‍ വിശദമായി പഠിപ്പിക്കുന്നുണ്ട്. ഭൂഗോളത്തിന്റെ ഏത് പ്രദേശത്തുമുള്ള ആകാശദൃശ്യങ്ങള്‍ ഈ സോഫ്റ്റ് വേറിലൂടെ കാണാം.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായി തയ്യാറാക്കിയ പാഠപുസ്തകം മെയില്‍ വിതരണത്തിനെത്തും. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഐ.ടി. @ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ