2013, മാർച്ച് 15, വെള്ളിയാഴ്‌ച


പരീക്ഷാ ചോദ്യപേപ്പര്‍ വിശകലനം -ഹിന്ദി
( അശോക് കുമാര്‍ ,GHSS പെരുമ്പളം)
ഈ വര്‍ഷത്തെ ഹിന്ദി ചോദ്യ പേപ്പര്‍ കുട്ടികള്‍ക്ക് പൊതുവെ എളുപ്പമായിരുന്നു.ഈ വര്‍ഷം തുടര്‍ന്നു വന്ന ശൈലിയില്‍ ചോദ്യങ്ങള്‍ ചോദിച്ചത് കുട്ടികള്‍ക്ക് ഏറെ സഹായകമായി.കുട്ടികളെ അനാവശ്യമായി ചിന്തിപ്പിക്കാതെ വേണ്ടവിധം എഴുതാന്‍ പ്രേരിപ്പിക്കുന്ന ഈ ചോദ്യങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യങ്ങളായി.
പൊതുവെ പറഞ്ഞാല്‍ ഇത്തവണത്തെ ഹിന്ദി കാര്യമായി ബുദ്ധിമുട്ടിച്ചില്ല.കഴിഞ്ഞ പരീക്ഷകളുടെ പേടി മാററി വരും പരീക്ഷകളെ അഭിമുഖീകരിക്കുവാന്‍ ഹിന്ദി പരീക്ഷയ്ക്കു കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.
ഒന്നാമത്തെ ചോദ്യം താലികാ പൂര്‍ത്തീകരണമായിരുന്നു. മഹാദേവീ വര്‍മ്മയുടെ "ഗൗരാ "രേഖാചിത്രവും
ഭഗവത് റാവതിന്റെ "വഹ് തൊ അച്ഛാ ഹുവാ "കവിതയും ഉഷാപ്രിയംവദയുടെ "വാപസീ" എന്ന കഹാനിയും പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ നോവലിന്റെഭാഗം "പ്രിയ്ഡോക്ടേഴ്സും" ചോദിച്ചത് സാധാരണനിലവാരക്കാരെപോലും അനായാസം ഉത്തരമെഴുതാന്‍ സഹായിച്ചു.
രണ്ടാമത്തെ ചോദ്യം സാങ്കേതിക ശബ്ദാവലിയുമായി ബന്ധപ്പെട്ടതായിരുന്നു.പാഠപുസ്തകത്തില്‍ നിന്നുതന്നെ ചോദിച്ചത് കുട്ടികള്‍ക്ക് എളുപ്പമാകുകയും ചെയ്തു. manager,registered letter ,account number എന്നിവയ്ക്ക് യഥാക്രമം കുട്ടികള്‍ प्रबंधक,पंजिकृत पत्र,खाता संख्या എന്നീ ഉത്തരങ്ങള്‍ തിരഞ്ഞെടുത്ത് എഴുതുകയും ചെയ്തു.
ക്രമമായി എഴുതാനുളള മൂന്നാമത്തെ ചോദ്യം വാപസി എന്ന കഥ മനസ്സിലാക്കിയ കുട്ടിള്‍ക്ക് എളുപ്പമായി.
അല്പം ആലോചിച്ച് ഉത്തരമെഴുതേണ്ട ഈ ചോദ്യം ചിലര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം.പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ മരുന്ന് എന്ന നോവലിന്റെ പരിഭാഷയായ "പ്രിയ് ഡോക്ടേഴ്സ് "എന്നപാഠഭാഗത്തെ ആസ്പദമാക്കി ചോദിച്ച ചോദ്യവും എളുപ്പമായി.എന്നാല്‍ 5,6,7 എന്നീ ചോദ്യങ്ങള്‍ ശരാശരിക്ക് മുകളില്‍ ഉളളവരെപ്പോലും അല്‍പ്പം പ്രയാസപ്പെടുത്തി.പാഠപുസ്തകവും പഠനപ്രവര്‍ത്തനവും തമ്മില്‍ നേരിട്ട് ബന്ധമുളള
ചോദ്യമാണെങ്കിലും ആലോചിച്ച് എഴുതി പ്രതിഫലിപ്പിക്കേണ്ട ചോദ്യമെന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ എല്ലാവര്‍ക്കും കഠിനമായി തോന്നി.തുടര്‍ന്നു ചോദിച്ച ഡയറി,സംഭാഷണം,കത്ത്, പോസ്ററര്‍ തുടങ്ങിയ ഭാഷാവ്യവഹാരങ്ങള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തി.അടുത്ത ചോദ്യംപാഠപുസ്തകത്തില്‍ നിന്നല്ലാത്ത കവിതയെ കുറിച്ചുളള ചോദ്യങ്ങളാണ്.സുഭദ്രാ കുമാരി ചൗഹാന്റെ പ്രസിദ്ധമായ ഈ കവിതയുടെ ആശയം വ്യക്തമാക്കുന്നതില്‍ പലരും വിജയിച്ചില്ല. ഒരു പൂവിന്റെ മാദ്ധ്യമത്തിലൂടെ ജീവിതത്തിന്റെ അവസ്ഥ ,സ്വാര്‍ത്ഥകത,നിരര്‍ത്ഥകത മുതലായവ വിശകലനം ചെയ്യുന്ന ധാരാളം കാവ്യബിംബങ്ങള്‍ ആ വരികളിലുണ്ട്.അത് കണ്ടെത്താന്‍ പലര്‍ക്കും കഴിഞ്ഞില്ല.
വ്യാകരണവുമായി ബന്ധപ്പെട്ടചോദ്യങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നില്ല. പതിനഞ്ചാമത്തെ സംശോധന്‍ ചോദ്യം പലരേയുംകുഴക്കിയിരിക്കാം.
कमला का भाई प्रमोद अपनी बहिन से मिलने आया।मिलने पर प्रमोद खुश हुआ।
എന്ന് തെറ്റാതെ എഴുതാന്‍ പലരും ബുദ്ധിമുട്ടിക്കാണും.പത്തൊന്‍പതാമത്തെ ചോദ്യം വിജ്ഞാന്‍ എന്ന ശബ്ദം എത് ഗണത്തില്‍ പെടുന്നു എന്നാണ് .വിജ്ഞാന്‍ എന്നത് സംജ്ഞയാണ് എന്ന് എഴുതിയവര്‍ വളരെ വിരളമാകും.എങ്കിലും വ്യാകരണചോദ്യങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ കുട്ടികളെ കുഴക്കിയില്ല എന്നത് ആശ്വാസകരം തന്നെ.തന്നിരിക്കുന്ന ഗദ്യഭാഗത്തെ ആസ്പദമായി ചോദിച്ച 20,21 ചോദ്യങ്ങള്‍ നല്ല നിലവാരം പുലര്‍ത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ