2016, ജൂൺ 11, ശനിയാഴ്‌ച


കഥ
  1. ബീര്‍ ബഹൂട്ടി
    പ്രഭാത്

കാര്‍മേഘം തകര്‍ത്ത് പെയ്തൊഴിഞ്ഞു.പിന്നേയും ഒരുപാട് വെളളം അതില്‍ അവശേഷിച്ചിരുന്നു.അത് വയലുകളുടേയും കാടുകളുടേയും മീതെ വ്യാപിച്ചു കിടന്നു.ആകാശം മുഴുവന്‍ മേഘാവൃതമായിരുന്നു.മേഘങ്ങള്‍ക്കു താഴെയായി നനുത്ത കാററ് അവിടവിടെ വീശിക്കൊണ്ടിരുന്നു.മരങ്ങളുടെ തായ് ത്തടിയില്‍ ഇപ്പോഴും നനവുണ്ട്.നിലക്കടല വിതച്ചിരിക്കുന്ന പച്ചപ്പാടങ്ങളില്‍ മഞ്ഞപ്പൂക്കളില്‍ ഇപ്പോഴും വെളളം പററിയിരിക്കുന്നു.വയലുകളില്‍ ബജ്റയും അല്പാല്പം മുളച്ചു പൊങ്ങിയിട്ടുണ്ടായിരുന്നു.ബജ്റയുടെ നീണ്ട മൃദുവായ ഇലകളില്‍ വെളളത്തുള്ളികള്‍ തങ്ങിനിന്നിരുന്നു.നനഞ്ഞ പാടങ്ങളില്‍ പച്ചപ്പിന്റെ സുഗന്ധം അലിഞ്ഞു ചേര്‍ന്നിരുന്നു.
അവര്‍ക്ക് ചോരത്തുളളിപോലെ ചുവന്ന ആ കീടങ്ങളെ കാണണമായിരുന്നു.അതുകൊണ്ട് പതിവിലുംമുമ്പേ അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി.ചെറിയ പട്ടണത്തോടു ചേര്‍ന്നു കിടക്കുന്ന ആ പാടങ്ങളില്‍ അവര്‍ ആ കീടങ്ങളെ തേടി അലയുമായിരുന്നു.ചുവന്ന മിനുമിനുത്ത കീടങ്ങള്‍മണ്ണിലൂടെ നടക്കുന്ന ചുവന്ന ചോരത്തുളളികള്‍പോലെ. അവര്‍ പരസ്പരം വളരെ ചേര്‍ന്ന് നടന്ന് ചുവന്ന കീടങ്ങളെ തേടി. അവയെ കാണാനായി മഴയുടെ മണമുളള നനഞ്ഞ മണ്ണില്‍ ഇരുന്നു

"നോക്കൂ ബേലാ, ഈ കീടങ്ങള്‍ നിന്റെ റിബണ്‍ പൊലെ ചുവന്നതാണ്.” സാഹില്‍ പറഞ്ഞൂ.

"നീ വല്ലതും കേട്ടോ ബേലാ ?”

"ങ്ഹാ , കേട്ടൂ ഫസ്ററ് ബെല്‍ അടിച്ചു കഴിഞ്ഞു.”

"എനിക്ക് കടയില്‍ പോയി പേനയില്‍ മഷി നിറക്കണം.”


                     * * *************************** * *


വര്‍ഷം 1981 .രാജസ്ഥാനില്‍ ജയ് പൂരിനടുത്ത് പാസഞ്ചര്‍ ട്രെയിനുകളും ഗു‍ഡ്സ് ട്രെയിനുകളും കൊണ്ട് നിറഞ്ഞ ഫുലേരാ ജംഗ്ഷന്‍. ആ ചെറിയ പട്ടണത്തിലെ ഏകാന്തമായ ഇടുങ്ങിയ തെരുവുകള്‍.തെരുവുകളില്‍ നിശബ്ദമായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്ററുകള്‍.ഇലക്ട്രിക് പോസ്ററുകള്‍ക്കിടയില്‍ കമ്പികളുടെ നിര. ഈതെരുവുകളില്‍ അങ്ങിങ്ങായി നടന്നു കച്ചവടം ചെയ്യുന്നവരേയും കാണാം.അവിടെ അങ്ങിങ്ങായി ആ ഇരുണ്ടതെരുവില്‍ ആറേഴ് കഴുതകളുടെ കുളമ്പടി ശബ്ദവും അവയുടെ പിന്നാലെ കുപ്പായം ധരിക്കാത്ത കുശവനേയും കാണുന്നുണ്ട്.അവരുടെ ഇടയിലൂടെ രണ്ടു കുട്ടികള്‍ - ബേലയും സാഹിലും -നടന്നു വരുന്നു.അക്കാലത്ത് അഞ്ചുപൈസക്ക് ഒരു പേന മഷി കിട്ടുമായിരുന്നു.സ്ററഷനറി കടക്കാരന്‍ ഡ്രോപ്പര്‍ കൊണ്ട് പേനയില്‍ മഷി നിറച്ചു തരുമായിരുന്നു.പേനയില്‍ അവശേഷിച്ചിരുന്ന മഷി സാഹില്‍ നിലത്തേക്ക് ഒഴിച്ചു കളഞ്ഞു. പുത്തന്‍ മഷി നിറക്കാനായി രണ്ടു പേരും കടയില്‍ എത്തി.
"ഒരു പേന മഷി താ..”-സാഹിലിനു മുന്‍പേ ബേല കടക്കാരനോട് പറഞ്ഞു.
"മോനേ , മഷി ഇപ്പോള്‍ തീര്‍ന്നതേയുളളു. ഇനിയിപ്പോ നാളെയേ കിട്ടുകയുളളു.”"പക്ഷെ ഇവന്‍ പേനയില്‍ ഉണ്ടായിരുന്ന മഷി കൂടി നിലത്ത് ഒഴിച്ചു കളഞ്ഞു. “ ബേല പറഞ്ഞു."കാര്‍മേഘം കാണുമ്പോഴേ കലം കമഴ്ത്തി കളയരുത്.-” കടക്കാരന്‍ പറഞ്ഞു.എന്നിട്ട് അയാള്‍ സാഹിലിനോട് ചോദിച്ചു."ഏത് ക്ളാസിലാ പഠിക്കുന്നത് ?”
"അഞ്ചാം ക്ളാസ്സില്‍" അഞ്ചാം ക്ളാസില്‍ പഠിക്കുന്നത് വലിയൊരു അപരാധമാണെന്ന ഭാവത്തോടെ സാഹില്‍ പറഞ്ഞു.
"രണ്ടു പേരും?” കടക്കാരന്‍ ചോദിച്ചു.
"അതെ , മാത്രമല്ല ഞങ്ങള്‍ രണ്ടു പേരും ഒരേ ഡിവിഷനിലുമാണ്. - ക്ളാസ്സില്‍."
ഒരു വലിയ കാര്യമെന്ന മട്ടില്‍ സന്തോഷത്തോടെ ബേലാ പറഞ്ഞു.
ക്ളാസില്‍ രണ്ടുപേരും അടുത്തടുത്താണിരിക്കുന്നത്.നോട്ട് എഴുതുന്നതും പുസ്തകം വായിക്കുന്നതുമഎല്ലാം അവര്‍ ഒരുമിച്ചാണ്."വെളളം കുടിക്കാന്‍ പോയാലോ " - ബേലാ ചോദിക്കും.അപ്പോള്‍ അതുതന്നെ തിരിച്ചും സാഹിലും ചോദിക്കും.സുരേന്ദ്രന്‍ മാഷിന്റെ കണക്ക് പീരിയഡ് ഡ്രില്‍ പീരീഡിനു ശേഷമായിരുന്നു.കുട്ടികള്‍ക്ക് അദ്ദേഹത്തെ പേടിയായിരുന്നു.അതുകൊണ്ട് അവര്‍ ഡ്രില്‍ പീരിയഡ് കഴിയുന്നതിനുമുന്‍പു തന്നെ അവരവരുടെ സീററില്‍ എത്തുമായിരുന്നു.നോട്ട്ബുക്ക് ചെക്ക് ചെയ്യുമ്പോള്‍ നിസ്സാരതെററുകള്‍ക്കു പോലും പൊതിരെ തല്ലുമായിരുന്നു.കുട്ടികളെ അടിക്കാന്‍ തുടങ്ങിയാല്‍അടിനിര്‍ത്തുന്നകാര്യം അദ്ദേഹം മറന്നതുപോലെ.
ഒരു ദിവസം സുരേന്ദ്രന്‍ മാസ്ററര്‍ ബേലയുടെ മുടിയില്‍ കുത്തിപ്പിടിച്ചു.അപ്പോഴാണ് ബേല കുററം ചെയ്തില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായത്.അദ്ദേഹം അവളുടെ മുടിയിലെ പിടിവിട്ടു.ബേലയുടെ പേടിച്ചരണ്ട മുഖം കണ്ട് സാഹിലും ഭയന്നു പോയി.ബേലയുടെ കാലുകള്‍വിറയ്കുന്നത്സാഹില്‍ കണ്ടു.അവള്‍ ഇപ്പോള്‍
താഴെ വീഴുമെന്ന് സാഹിലിനു തോന്നി.അവളുടെ ഇരിപ്പിടത്തിലേയ്ക്ക് നോട്ടുബുക്ക് വലിച്ചെറിഞ്ഞതിനു ശേഷം
സീറ്റില്‍ ഇരിക്കാന്‍ മാസ്ററര്‍ പറഞ്ഞു.
ആ സംഭവം ബേലയുടെ മനസ്സിന് അഭിമാനക്ഷതമേല്‍പ്പിച്ചു.സാഹിലിന്റെ മുന്‍പില്‍ വെച്ചല്ലങ്കില്‍
രണ്ടുതല്ലുകിട്ടിയാലും സാരമില്ലായിരുന്നു. സാഹിലിന്റെ മനസ്സിലെ നല്ല കുട്ടിയാണ് താനെന്ന് അറിയാവുന്ന
ബേലയ്ക്ക് ഇത് നാണക്കേടായി തോന്നി.സാഹിലിന്റെ നേര്‍ക്ക് നോക്കാതെ അവള്‍ അവന്റെയടുത്തായി തന്റെ ഇരിപ്പിടത്തിലിരുന്നു.

ദീപാവലിയുടെ അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ ബേലയുടെ തലയില്‍ ഒരു വെളുത്ത ബാന്‍ഡേജ്
ഉണ്ടായിരുന്നു.കൂട്ടുകാര്‍ അവളെ ചൊടിപ്പിക്കാനായി ഓരോന്ന് പറഞ്ഞ് കളിയാക്കിക്കൊണ്ടിരുന്നു.
"ഇത് എന്തു പറ്റിയതാ ബേലാ ?” പരിഭ്രമത്തോടെ സാഹില്‍ ചോദിച്ചു.
" തട്ടിന്‍ പുറത്തു നിന്ന് വീണു. “ - ഒരു ചിരിയോടെ ബേലാ പറഞ്ഞു.
" ഒരുപാടു ദിവസമായില്ലേ ,ഇന്ന് ഡ്രില്‍ പീരിയഡില്‍ നമുക്ക് ഗാന്ധിസ്കയറില്‍ പോയി ഞൊണ്ടി കളിക്കാം.”
" കളിക്കേണ്ട - നിന്റെ തലയില്‍ ഇനിയും മുറിവുണ്ടായാലോ " - സാഹില്‍ പറഞ്ഞു.
" ഇല്ല “- ബേലാ ശാഠ്യം പിടിച്ചു.അങ്ങനെ അവര്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ഗാന്ധിസ്ക്വയറിലെ മണലില്‍
മുഴുവന്‍ സമയവും കളിച്ചു.തന്റെ ചുററും ഓടിക്കളിക്കുന്ന കുട്ടികളെ കണ്ടിട്ട് ഗാന്ധിജിയുടെ പ്രതിമ സാധാരണയില്‍ കവിഞ്ഞ് പുഞ്ചിരിക്കുന്നതായി തോന്നി.


അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു.സാഹില്‍ വീട്ടുമുററത്തെ വേപ്പുമരത്തിന്റെ കൊമ്പില്‍ തൂങ്ങി ഊഞ്ഞാലാടുകയായിരുന്നു.അവന്‍ കയറിനിന്ന സ്ററൂളിന്റെ ഒരുവശത്തെ ആണി സാഹിലിന്റെ കണങ്കാലില്‍ ആഴത്തില്‍ തുളച്ചു കയറി.ഒരിഞ്ച് ആഴമുളള മുറിവായിരുന്നു. മരുന്നു വെയ്കാനായി അടുത്തുളള സര്‍ക്കാര്‍
ആശുപത്രിയില്‍ എത്തിയ സാഹില്‍ രോഗികളുടെ നിരയില്‍ തന്നേക്കാള്‍ രണ്ടുപേര്‍ക്കു മുന്നിലായി
നില്‍ക്കുന്ന ബേലയെ കണ്ടു.കാലില്‍ ബാന്‍ഡേജിട്ടആണ്‍കുട്ടിയും , തലയില്‍ വെളുത്ത ബാന്‍ഡേജിട്ട പെണ്‍കുട്ടിയും . പിന്നീടുളള കുറെ ദിവസങ്ങളില്‍ സ്കൂള്‍ വഴിയിലും ക്ളാസിലും ഒരുമിച്ച് കാണപ്പെട്ടു.
അഞ്ചാം ക്ളാസ്സിലെ റിസള്‍ട്ട് വന്നു. രണ്ടു പേരും ജയിച്ചു.ആ സ്കൂളില്‍ അഞ്ചാം ക്ളാസ്സു വരെയേ ഉണ്ടായിരുന്നുളളു.
" സാഹില്‍, ഇനി എവിടെയാ പഠിക്കാന്‍ പോകുന്നത് ?” ബേലാ ചോദിച്ചു.
"ബേലാ എവിടേയാ പഠിക്കുന്നത് " - സാഹില്‍ തിരിച്ചു ചോദിച്ചു.
" എന്നെ ഗവണ്‍മേന്‍റ് ഗേള്‍സ് സ്കൂളില്‍ ചേര്‍ക്കണമെന്ന് പപ്പാ പറഞ്ഞിരുന്നു. നീയോ?”
"എന്നെ അടുത്ത വര്‍ഷം അജ്മേറിലേയ്ക്ക് വിടും.”- അവിടെ ഒരു ഹോസ്ററല്‍ ഉണ്ട്. വീട്ടില്‍ നിന്നും മാറി
അവിടെ ഒററയ്ക്കു കഴിയും.
"അതെന്താ സാഹില്‍?”
" എന്താണെന്ന് അറിയില്ല.”
"അതായത് ഇനി നീ ഫുലേറായില്‍ താമസിക്കുന്നില്ല.”
" ഇല്ല. തന്റെ പ്രോഗ്രസ്സ് കാര്‍ഡ് ഒന്നു കാണിച്ചേ ..”
സാഹില്‍ ബേലയുടേയും ബേല സാഹിലിന്റേയും പ്രോഗ്രസ്സ് കാര്‍ഡ് വാങ്ങി നോക്കി.
" നിന്റെ കണ്ണ് എന്താ നിറയുന്നത് ബേലാ ?”
"എനിക്കെങ്ങനെ അറിയാം ?” നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് ബേലാ പറഞ്ഞു.
സാഹിലിന്റെ കണ്ണുകള്‍ ചോരനിറമുളള കീടങ്ങളുടേതു പോലെ ചുവന്നു.അതില്‍ മഞ്ഞുതുള്ളികള്‍ കണക്കെ ജലം നിറഞ്ഞു.
" ഞാന്‍ നിന്നോടു പിണങ്ങും "ബേലാ പറഞ്ഞു.
മഴക്കാലം വരാന്‍ ഇനിയും ​ഒന്നരമാസം കൂടിയുണ്ട്. എന്നാല്‍ അന്ന് മഴക്കാലത്തിനു മുമ്പുളള ഒരു മഴ ദിവസമായിരുന്നു.ആകാശത്ത് മേഘം വ്യാപിച്ചു.പൊടിപടലങ്ങള്‍ നിറഞ്ഞ ശക്തമായ കാറ്റ് വീശിത്തുടങ്ങി.
മഴ പെയ്യാന്‍ തുടങ്ങി.ഫുലേറാ എന്ന ആ ചെറിയ പട്ടണത്തിലെ മേഘാവൃതമായ ഒരു തെരുവിലൂടെ അഞ്ചാം ക്ളാസ്സില്‍ നിന്നും ആറിലേയ്ക്കു കയറിയ ഒരു പെണ്‍കുട്ടി നടന്നു നീങ്ങി.അവളുടെ മുടി ആ മഴക്കാലകീടത്തിന്റെ നിറമുളള ചുവന്ന റിബണ്‍ കൊണ്ട് കെട്ടിയിരുന്നു.എതിര്‍ വഴിയിലൂടെ ആറാം ക്ളാസിലേയ്ക്കു കയറിയ ഒരു പതിനൊന്നുകാരന്‍ നടന്നു പോകുന്നുണ്ടായിരുന്നു.അവന്റെ കണങ്കാലില്‍ ചോരനിറമുളള കീടത്തിന്റേതുപോലെ ഒരിഞ്ചുനീളമുളള ഒരു മുറിവ് അടയാളം കാണാമായിരുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ