2016, നവംബർ 5, ശനിയാഴ്‌ച

കവിത

        തുലാവര്‍ഷപ്പച്ച...

കടം കൊണ്ടൊരീ ശീര്‍ഷകത്തില്‍ കുറിക്കാം
ഞാനെന്റെ ഹൃദയത്തിന്‍ മുറിപ്പാടുകള്‍ !
ഇറ്റുവീഴുന്നൊരീ രക്തതുള്ളികളില്‍
വിരിയട്ടൊരായിരം സ്നേഹപുഷ്പങ്ങള്‍..

          തുലാവര്‍ഷമിനിയുമിങ്ങണയണം
          ഉണങ്ങി വരണ്ടൊരീ മരൂഭൂമിയില്‍
          മരുപ്പച്ച തീര്‍ക്കുവാനണയണം
          ധരിത്രിയിവിടെ ത്രസിച്ചു നില്‍ക്കുന്നൂ..

വന്ധ്യമേഘങ്ങളെ നോക്കിയെന്നും
നെടുവീര്‍പ്പയയ്ക്കും, പിന്നെകിനാവു കാണും
ഗദ്ഗദങ്ങളെന്നുമീ മണ്ണിനെ
ചുട്ടുനീറ്റുന്നൂ,ചാമ്പലായ് ദഹിക്കുന്നൂ..

          തുലാവര്‍ഷപ്പച്ചകളൊരോര്‍മയില്‍
          തരുക്കളായ് ലതകളായ് നില്‍ക്കുന്നൂ
          പൂക്കളും ശലഭങ്ങളുമിടചേര്‍ന്നാ-
          ദൃശ്യമിന്നൊരു പകല്‍ക്കിനാവു മാത്രം.

ഈ മണ്ണിലിനിയും വര്‍ഷിക്കുമോ
ഗഗനമേ നിന്റെ പീയൂഷധാര ?
മറ്റൊരു മേഘരാഗം പാടുവാന്‍
ഇനിയുംവരുമോ പ്രേമഗായകന്‍ ?

           നഷ്ടമായ തുലാവര്‍ഷത്തിനായിന്നും
           കാതോര്‍ത്തു കാത്തിരിക്കുന്ന വേഴാമ്പലേ ..
           മഴയെത്തുവാനായി നോമ്പുനോക്കും
           നിന്‍ വ്രതശുദ്ധിയാരു കണ്ടൂ?

വസന്തങ്ങളെത്രമേല്‍ കൊഴിഞ്ഞാലുമീ-
കാലചക്രമെത്രയേറെയുരുണ്ടാലും
മറവിയാകും മാറാലയ്ക്കാകുമോ..
മറയ്ക്കുവാനീ തപ്തചിന്തകളെന്നേയ്ക്കും

          അന്തരംഗം വെളിവാക്കുവാന്‍
          ഭാഷയതപൂര്‍ണ്ണമെന്നു പാടിയ
          മഹാകവേ ഇന്നുമെന്നും
          നീയനശ്വരനായ് വാഴ്ക !