2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

ബാഗില്‍ നിന്ന് പ്രണയലേഖനം/കവിതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മാനസിക പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മൂവാറ്റുപുഴ ഗവ. വോക്കെഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി അപക്വമായ അധ്യാപക സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്.
നന്ദനയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് കവിതയല്ല, പ്രണയലേഖനം ആണെന്ന് തന്നെയിരിക്കട്ടെ. മറ്റൊരാളോട് തോന്നുന്ന ആകര്‍ക്ഷണം കൗമാരത്തിന്റെ സ്വാഭാവികത ആണെന്ന് ഈ അധ്യാപകരൊക്കെ എന്നാണ് പഠിക്കുക? കാലം എത്ര മാറിയാലും അവനവന്‍ നടന്ന പരുക്കന്‍ വഴിയില്‍ തന്നെ കുട്ടികളെ നടത്താന്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന ചില അധ്യാപകരുണ്ട്. അവരാണ് പാരമ്പര്യ യാഥാസ്ഥിതിക ബോധം അണുവിട മാറാതെ കൈമാറ്റം ചെയ്യാന്‍ വല്യ പങ്ക് വഹിക്കുന്നത്. അവരുടെ കണ്ണിലാണ് മുടി തോന്നുംപടി വെട്ടി അഴിച്ചിടുന്നവള്‍ ആട്ടക്കാരിയും എണ്ണ തേച്ചുമിനുക്കി പിന്നിയിടുന്നവള്‍ കുലീനയുമാവുന്നത്. പുരികം പ്ലക്ക് ചെയ്യുന്നവളെയും കണ്ണെഴുതുന്നവളെയും നെയില്‍ പോളിഷ് ഇടുന്നവളെയും ഒക്കെ ആണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്ന വാചകം കൊണ്ട് പലപ്പോഴും പരസ്യമായി അധിക്ഷേപിക്കുന്ന അധ്യാപകര്‍ ഒന്നാംതരം സദാചാര പൊലീസുകാരല്ലാതെ മറ്റെന്താണ്.
വീട്ടില്‍ കിട്ടാത്ത ഇടം കുട്ടിക്ക് സ്‌കൂളിലും കിട്ടുന്നിലെങ്കില്‍, അധ്യാപകരോട് അപമാന ഭയമില്ലാതെ തുറന്നു സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് അധ്യാപകന്റെ തന്നെ പരാജയമാണ്. ഒരു കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുമ്പോള്‍ ആ കുട്ടിയെ കൂടി ഉള്‍ക്കൊള്ളാന്‍ തക്കവിധത്തില്‍ തന്റെ ക്ലാസ് വളരുന്നില്ല എന്നാണ് അര്‍ത്ഥം. ഹൈസ്‌കൂള്‍/ഹയര്‍സെക്കണ്ടറി അധ്യാപകര്‍ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നവര്‍ മാത്രമാവുന്നതിന്റെ് പ്രശ്‌നമാണത്. കുട്ടികളുടെ കൗമാരകാല സംഘര്ഷരങ്ങളെ മനസിലാക്കാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ ഈ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ശാസന തീര്‍ത്തും വേണ്ടെന്നല്ല. പക്ഷേ പ്രണയലേഖനം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, പോയി ചത്തൂടെ എന്ന് ആക്രോശിക്കുന്ന ഗുരുക്കള്‍ നമുക്ക് ഇല്ലാതിരിക്കുന്നത് തന്നെയാണ് ഭേദം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ