സംസ്ഥാനത്തെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലേക്കുള്ള പുതിയ ഐ.സി.ടി പാഠപുസ്തകങ്ങള്‍ തയ്യാറായി. കളികള്‍ പോലും അര്‍ത്ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന എജുടെയ്ന്‍മെന്റ് രീതിയിലൂടെയാണ് 'കളിപ്പെട്ടി' എന്ന പേരില്‍ പുതിയ പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചുറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് സ്വായത്തമാക്കാനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളവയാണ് ഈ പാഠപുസ്തകങ്ങള്‍. ഗണിതം, പരിസരപഠനം, ഭാഷാപാഠപുസ്തകങ്ങളിലെ വിവിധ പഠനപ്രവര്‍ത്തനങ്ങളെ പ്രബലനം ചെയ്യുന്ന കളികള്‍ പുതിയ ഐ.സി.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇന്ററാക്ടീവ് ആയി രൂപകല്പന ചെയ്ത വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തി, ഐ.ടി @ സ്‌കൂള്‍ പ്രൈമറിയിലേക്ക് തയാറാക്കിയ ഗ്നൂ/ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റവും ഇതോടൊപ്പം അധ്യാപകര്‍ക്ക് നല്‍കും. ഐ.സി.ടി പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങാതെ നൂറുകണക്കിന് അഭ്യാസങ്ങള്‍ ഐ.ടി @ സ്‌കൂള്‍ നല്‍കുന്ന സോഫ്റ്റ്‌വെയര്‍ സഞ്ചയത്തില്‍ ലഭിക്കും. പ്രൈമറി തലത്തില്‍ ഐ.സി.ടി പഠനം ശക്തമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് പാഠപുസ്തകം തയാറാക്കിയത്. പുതിയ പാഠപുസ്തക സമീപനവുമായി യോജിക്കുന്ന ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ 'കളിപ്പെട്ടി' എന്ന പേരിലുള്ള പുസ്തകങ്ങള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചു. നവംബര്‍ മുതല്‍ ഇത് സ്‌കൂളുകളില്‍ വിതരണം ചെയ്യാനാണ് പദ്ധതി. പി.എന്‍.എക്‌സ്.3843/16
| |
2016, ഒക്‌ടോബർ 12, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ