ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?
സ്കൂളിലെ അതാത് ഡിവിഷനില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും കൂടിച്ചേര്‍ന്നതാണ് ക്ലാസ് പി ടി എ എന്ന് വേണമെങ്കില്‍ ലളിതമായി നിര്‍വ്വചിക്കാം
മുന്‍പ് സൂചിപ്പിച്ച അംഗങ്ങളുടെ ഒരു യോഗം മാസത്തില്‍ ഒരു പ്രാവശ്യം ചേരാവുന്നതാണ്
എങ്കിലും ഒരു പ്രത്യേക കാര്യപരിപാടിയില്ലാതെ കൂടുന്നത് ക്ലാസ് പി ടി എ യുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതാണ്
സാധാരണയായി , സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അല്ലെങ്കില്‍ ക്ലാസ് പരീക്ഷയുടേയോ ടേം പരീക്ഷയുടേയോ റിസല്‍ട്ട് രക്ഷിതാക്കളെ അറിയിക്കുന്ന അവസരത്തിലോ ക്ലാസ് പി ടി എ യുടെ യോഗം ചേരാവുന്നതാണ്
പ്രസ്തുത യോഗങ്ങളുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം
ക്ലാസ് പി ടി എ കൂടുന്നതിനു മുന്‍പ് ക്ലാസിലെ കുട്ടികളെക്കുറിച്ചും അവരുടെ രക്ഷിതാക്കളെ ക്കുറിച്ചും വ്യക്തമായ ധാരണ ക്ലാസ് ടീച്ചര്‍ക്ക് വേണ്ടതാണ്
അദ്ധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്ന ക്ലാസ് പി ടി എ യും പരീക്ഷയുടെ റിസല്‍ട്ട് അറിയിക്കാന്‍ വേണ്ടി കൂടുന്ന ക്ലാസ് പി റ്റി എ യും വ്യത്യസ്തരീതിയിലാണ് സംഘടിപ്പിക്കേണ്ടത്
ക്ലാസ് പി ടി എ കൂടുന്ന സമയം തിയ്യതി തുടങ്ങിയവ മുന്‍കൂട്ടി കുട്ടികള്‍ വഴി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്
പ്രസ്തുത യോഗത്തിന് വ്യക്തമായ ഒരു കാര്യപരിപാടി മുന്‍കൂട്ടി ക്ലാസ് ടീച്ചര്‍ ക്ലാസിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കേണ്ടതാണ്
പ്രസ്തുത കാര്യപരിപാടിയില്‍ 90 ശതമാനവും അവതരണം പ്രസ്തുത ക്ലാസിലെ കുട്ടികള്‍ തന്നെയായിരിക്കണം എന്ന വസ്തുത പറയേണ്ടതില്ലല്ലോ
കാര്യപരിപാടിയുടെ ഒരു ലളിതമായ ഒരു ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു
പ്രാര്‍ത്ഥന
സ്വാഗതം
രക്ഷിതാക്കള്‍ അറിയാന്‍
പരീക്ഷാ വിശകലനം / റിസല്‍ട്ട് അനാലിസിസ്
പഠനാനുഭവം
ഉന്നത വിദ്യാഭ്യാസ മേഖല
മികവ് അവതരണം
ക്ലാസ് ടീച്ചറിന്റെ ആമുഖം
രക്ഷിതാക്കളുടെ അഭിപ്രായം
ക്ലാസ് ടീച്ചറിന്റെ ക്രോഡീകരണം
നന്ദി
പ്രധാന അദ്ധ്യാപകന് സമയമുണ്ടെങ്കില്‍ യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്താവുന്നതാണ്
കാര്യപരിപാടി നടത്തുന്നതിന് അഥവാ കണ്ടക്ട് ചെയ്യുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാടാക്കേണ്ടതാണ്
രക്ഷിതാക്കള്‍ അറിയാന്‍ എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ക്കുറിച്ചൂള്ള അഭിപ്രായമാണ് . അത് മീറ്റിംഗിനു മുമ്പേ തന്നെ ക്രോഡീകരിക്കേണ്ടതാണ് . എങ്കിലും ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ പറയുവാന്‍ പാടില്ലാത്തതാകുന്നു .
അതുപോലെ തന്നെ പരീക്ഷാ വിശകലനം എന്ന മേഖല കൈകാര്യം ചെയ്യുന്ന കുട്ടി ചോദ്യപേപ്പറിലെ ബുദ്ധിമുട്ടായ ചോദ്യങ്ങളുടെ വിശകലനം നടത്തേണ്ടതാണ് . മിടുക്കരായ കുട്ടികള്‍ പ്രസ്തുത ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതി എന്ന കാര്യവും ഇവിടെ വ്യക്തമാക്കേണ്ടതാണ് .അതുപോലെ തന്നെ ഇന്നയിന്ന കാരണം കൊണ്ടാണ് മാര്‍ക്ക് നഷ്ടമായത് എന്ന കാര്യവും ഈ ഭാഗത്ത് വ്യക്തമാക്കാവുന്നതാണ്
പഠനാനുഭവം എന്ന മേഖലകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളുടെ നിത്യേനയുള്ള പഠനരീതികളാണ് . അത് അവര്‍ തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്
ഉന്നത വിദ്യാഭ്യാസ മേഖല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു കോഴ്‌സിനെക്കുറിച്ചാണ്
മികവ് അവതരണത്തില്‍ ക്ലാസിലെ കുട്ടികളുടെ ഏതെങ്കിലുമൊക്കെ യുള്ള മികവ് ആണ് ഉദ്ദേശിക്കുന്നത് . സ്പോഴ്‌സ് ,കലോത്സവം , എക്സിബിഷന്‍ …......തുടങ്ങിയവയിലൊക്കെ പ്രസ്തുത ക്ലാസിലെ കുട്ടികള്‍ സമ്മാനാര്‍ഹരായെങ്കില്‍ അവരുടെ പേരും ഇനവും ക്ലാസില്‍ പറയേണ്ടതുണ്ട് .കൂടാതെ , ഉദാഹരണമായി ലളിതഗാനത്തിലാണ് ഒരു കുട്ടിക്ക് ഉപജില്ലാ തലത്തില്‍ ഒന്നാം സമ്മാനം കിട്ടിയതെങ്കില്‍ പ്രസ്തുത കുട്ടിക്ക് ആ ഗാനം യോഗത്തില്‍ അവതരിപ്പിക്കാം .
രക്ഷിതാക്കളുടെ അഭിപ്രായപ്രകടനമെന്ന ഇനം ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് സാധാരണയായി പല രക്ഷിതാക്കളും കുട്ടികളുടെ കുറ്റങ്ങള്‍ ആണ് മീറ്റിംഗില്‍ വിളിച്ചു പറയുക . എന്നാല്‍ അത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം . കുട്ടിയുടെ വ്യക്തിപരമായ ന്യൂനതകള്‍ ക്ലാസില്‍ വിളിച്ചു പറഞ്ഞാല്‍ കുട്ടി അത് ഇഷ്ടപ്പെടില്ല . മാത്രമല്ല, മറ്റുകുട്ടികള്‍ യോഗത്തിനു ശേഷം അവനെ പരിഹസിക്കുവാനും തുടങ്ങും . അതിനാല്‍ അത്തരം രീതികള്‍ ഒഴിവാക്കണമെന്ന് ക്ലാസ് ടീച്ചര്‍ രക്ഷിതാക്കളുടെ അഭിപ്രായത്തിനു മുന്‍പുള്ള ആമുഖത്തില്‍ പറയേണ്ടതാണ്
സ്വാഗതവും നന്ദിയുമൊക്കെ പറയുന്ന കുട്ടികളെ ശരിയായി പരിശീലിപ്പിക്കേണ്ടതാണ്
സമയ ബന്ധിതമായാണ് ക്ലാസ് പി ടി എ നടത്തേണ്ടത് . അതായത് അരമണിക്കൂര്‍ സമയമാണ് കാര്യപരിപാടിക്കായി ഉദ്ദേശിക്കുന്നത്
സാധാരണ ഗതിയില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് ക്ലാസ് പി ടി എ ചേരുകയാണെങ്കില്‍ 2.30തൊട്ടേ രക്ഷിതാക്കള്‍ വന്നു തുടങ്ങും .അപ്പോള്‍ അവരെക്കൊണ്ട് ഒപ്പിടീക്കാനും സ്കോര്‍ ഷീറ്റ് ഉണ്ടെങ്കില്‍ അതില്‍ ഒപ്പിടീക്കാനും കുട്ടികളെ ഏര്‍പ്പാടാക്കിയാല്‍ മതി
പല രക്ഷിതാക്കളും പ്രസ്തുത സമയത്ത് വരാതെ അതിനു മുന്‍പോ പിന്‍പോ ഒപ്പിട്ടു പോകുന്ന പ്രവണത കാണിക്കാറുണ്ട് .അതിനാല്‍ അക്കാര്യം മുന്‍പേ തന്നെ കുട്ടിയോടു പറഞ്ഞ് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട് .അങ്ങനെ ,ഒപ്പിടലല്ല പ്രാധാന്യമെന്നും മീറ്റിംഗില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം
മികവ് അവതരണമെന്ന പേരില്‍ കുട്ടികളുടെ പരിപാടി അമിതമായാല്‍ ക്ലാസ് പി ടി എ യുടെ ലക്ഷ്യം തന്നെ മാറിപ്പോകാനിടയുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക
ക്ലാസില്‍ പരിപാടികള്‍ ഓരോന്ന് അവതരിപ്പിച്ചു കഴിയുമ്പോള്‍ കുട്ടികള്‍ കയ്യടിക്കാം . പക്ഷെ , ഇവിടെ അതായത് ഈ സാഹചര്യത്തില്‍ അത് പാടില്ല എന്ന കാര്യം കുട്ടികളെ മുന്‍പേ പറഞ്ഞ ധരിപ്പിക്കേണ്ടതാണ് . കാരണമെന്തെന്നാല്‍ ,അത് തൊട്ടടുത്തുള്ള മറ്റ് ക്ലാസുകള്‍ക്ക് ബുദ്ധിമുട്ടാകുമല്ലോ .
ക്ലാസ് പി ടി എ യുടെ ഒരു റിവ്യൂ പിറ്റേ ദിവസം ഫസ്റ്റ് പിരീഡ് തന്നെ ക്ലാസ് ടീച്ചര്‍ നടത്തേണ്ടതാണ്
അതില്‍ , വിട്ടില്‍ ചെന്നപ്പോള്‍ രക്ഷിതാക്കള്‍ എന്തൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു ചോദിക്കേണ്ടതാണ്
മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അടുത്ത ക്ലാസ് പി ടി എ നടത്തേണ്ടത്
പങ്കെടുക്കാന്‍ പറ്റാത്ത രക്ഷിതാക്കളുമായി ബന്ധപ്പെട്ട് കാരണം അറിയേണ്ടതാണ്
പരീക്ഷയുടെ സ്കോര്‍ ഷീറ്റ് യോഗത്തിന് രണ്ടു ദിവസം മുന്‍പേ ക്ലാസില്‍ ഒട്ടിക്കേണ്ടതാണ് .അങ്ങനെ യോഗത്തിനു മുന്‍പേ സ്കോറുകള്‍ വെരിഫൈ ചെയ്യുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്
സ്കോര്‍ഷീറ്റോടുകൂടി രക്ഷിതാവിന്റെ പേരും ഒപ്പും കോളം ഹെഡ്ഡിംഗ് ആയുള്ള ഒരു ഫോര്‍മാറ്റ് ( ലാന്‍ഡ്സ്കേപ്പില്‍ ഉള്ളത് )യോഗത്തില്‍ വിതരണം ചെയ്താല്‍ കാര്യങ്ങള്‍ പെട്ടെന്ന് എളുപ്പമായിരിക്കും .ഇവിടെ രക്ഷിതാവിന് സ്കോറുകള്‍ മനസ്സിലാക്കിക്കൊടുക്കുവാനും ഒപ്പിടീക്കുവാനും മിടുക്കനായ ഒരു കുട്ടിയെ ഏര്‍പ്പാടക്കണമെന്ന കാര്യം ഓര്‍ക്കുമല്ലോ
കാര്യപരിപാടിയിലെ ഇനങ്ങള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് Substitute കള്‍ ഉണ്ടായിരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത കുട്ടി അന്നേ ദിവസം മുടങ്ങിയാല്‍ ആ പരിപാടി അവതാളത്തിലാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ