ലോകത്ത് ഏറ്റവും കടുപ്പമേറിയ കാര്യം മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. യോഗയില്‍ മനോനിയന്ത്രണത്തിന് അങ്ങെയറ്റത്തെ പ്രാധാന്യമാണുള്ളത്. ആദ്യമേ മനോ നിയന്ത്രാണം ശീലിക്കാനല്ല യോഗ പറയുന്നത്.
ആദ്യം ആസനങ്ങള്‍ ചെയ്ത് ശരീരത്തെ കീഴടക്കാന്‍ പഠിപ്പിക്കുന്നു. തുടര്‍ന്ന് ശ്വ്വസനിയന്ത്രണം പഠിപ്പിക്കുന്നു. അതിലൂടെ മനോ നിയന്ത്രണത്തിലെത്താം. അതാണ് ഈ പരിശീലനത്തിന്റെ കാതല്‍.
നല്ല ഭാരമുള്ള ഒരു വസ്തു വെറുതെയങ്ങ് പൊക്കിയെടുക്കാന്‍ കഴിയാത്തപ്പോള്‍ നമ്മള്‍, ശ്വാസം നന്നായി പിടിച്ചാല്‍ അത് ഉയര്‍ത്താന്‍ കഴിയുന്ന കാര്യം നമുക്കൊക്കെ ബോധ്യമുള്ളതാണ്.
പെട്ടെന്ന് എന്തെങ്കിലും കണ്ടു പേടിച്ചാല്‍ നമ്മുടെ ശ്വാസഗതി വര്‍ദ്ധിക്കുന്നതും ശാന്തമായി കിടക്കുമ്പോള്‍ ശ്വാസഗതി മെല്ലെയാകുന്നതും നമുക്ക് അറിയാവുന്നതാണ്.
ശ്വാസത്തിന് നമ്മുടെ കര്‍മ്മകരണശേഷിയുമായും, മാനസികഭാവങ്ങളുമായും ഉള്ള ബന്ധമാണ് ഇവിടെയൊക്കെ നാം കആണുന്നത്.
മനുഷ്യന്റെ മനസ്സും ശ്വാസവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.
പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.
വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശ്വസന വ്യായാമമാണ് പ്രാണായാമം..
ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.
പൂരകം, കുംഭകം, രേചകം എന്നിവയാണവ.
പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.
കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.
രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.
ഈ ഘട്ടങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രത്യേക അനുപാതവും ഉണ്ട്.
പൂരകം : കുംഭകം : രേചകം = 1 : 4 :2 എന്നതാണ് അത്.
അതായത് 1സെക്കന്റ് കൊണ്ട് വായു ഉള്ളിലെടുത്താല്‍ 4 സെക്കന്റ് അത് ഉള്ളില്‍ നിര്‍ത്തുകയും 2 സെക്കന്റു കൊണ്ട് പുറത്തു വിടുകയും വേണം.
സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നത് 4 സെക്കന്റു കൊണ്ട് ഉള്ളിലെടുക്കുകയും 16 സെക്കന്റ് ഉള്ളില്‍ നിര്‍ത്തുകയും 8 സെക്കന്റു കൊണ്ട് പുറത്തു വിടുകയുമാണ്.
അപ്പോള്‍ പൂരകം : കുംഭകം : രേചകം = 4 : 16 : 8 എന്നു വരും.
(അനുപാതം 1 : 4 : 2 എന്നത് തന്നെ).
ഇതു ചെയ്യുന്ന രീതി ഇനി പറയുന്നു.
1. സുഖകരമായി ഉറച്ചിരിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ആസനത്തില്‍ ഇരിക്കുക. (സുഖാസനം, സ്വസ്തികാസനം, പദ്മാസനം, വജ്രാസനം, സിദ്ധാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍)
2. നട്ടെല്ല് നിവര്‍ന്നിരിക്കണം.
3. ശ്വാസകോശത്തിള്ള വായു കഴിയുന്നത്ര പുറത്തേക്ക് ഉച്ഛ്വസിക്കുക.
4. ആദ്യം വലതു തള്ള വിരല്‍ കൊണ്ട് വലതു മൂക്ക് അടച്ച ശേഷം ഇടതു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)
5. എന്നിട്ട് നടുവിരലും മോതിര വിരലും ചേര്‍ത്ത് ഇടതു മൂക്കും അടയ്ക്കുക. ശ്വാസം ഉള്ളില്‍ തന്നെ നിര്‍ത്തുക.(കുംഭകം)
(തള്ള വിരല്‍ കൊണ്ടുള്ള അതേ സമ്മര്‍ദ്ദം മറുഭാഗത്തും ലഭിക്കാനാണ് രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിക്കുന്നത്. ചിലര്‍ ഈ ആവശ്യത്തിനായി ചെറു വിരലും ചൂണ്ടു വിരലും ആണ് ചേര്‍ത്തു പിടിക്കുന്നത്. മറ്റു ചിലര്‍ ചൂണ്ടു വിരലും നടു വിരലും ഉപയോഗിക്കുന്നു.)
6. ഇനി വലതു മൂക്ക് തുറന്ന് അതിലൂടെ ശ്വാസം പുറത്തേക്കു വിടുക.
7. തുടര്‍ന്ന് വലതു മൂക്കിലൂടെ തന്നെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)
8. വലതു മൂക്കടയ്ക്കുക. കുംഭകം ചെയ്യുക.
9. ഇടതു മൂക്ക് തുറക്കുക. അതിലൂടെ ശ്വാസം പുറത്തേയ്ക്കു വിടുക. (രേചകം)
10. ഇങ്ങനെ ഇടതും വലതും നാസാദ്വാരങ്ങളിലൂടെ ശ്വസന വ്യായാമം തുടരുക.
ഇത് 10 -20 തവണ ആവര്‍ത്തിക്കുക.
ഇത് പഠിക്കാന്‍ വിഷമം തോന്നുന്നവര്‍ ആദ്യം ശ്വാസം ഉള്ളിലേക്കെടുക്കുകയും ഇരട്ടി സമയം കൊണ്ട് പുറത്തു വിടുകയും ചെയ്ത് ശീലിക്കുക. രണ്ടു മൂക്കിലൂടെയും ഒരുമിച്ചെടുക്കാം. (വിരലുകള്‍ വച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുന്ന രീതി പിന്നീട് പഠിച്ചാല്‍ മതി). രണ്ടു മൂക്കിലൂടെയും പുറത്തു വിടാം.
അത് പഠിച്ചാല്‍ പിന്നെ ശ്വാസം ഉള്ളിലെടുക്കുകയും ഇരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ടു തന്നെ പുറത്തു വിടുകയും ചെയ്യാന്‍ പഠിക്കുക.
എന്നിട്ട് ശ്വാസം ഉള്ളിലെടുത്ത് അതിന്റെ നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ട് പുറത്തു വിട്ട് ശീലിക്കുക.
എന്നിട്ട് ഓരോ മൂക്കിലൂടെയും എടുത്ത് മറു മൂക്കിലൂടെ പുറത്തു വിടുന്ന രീതി ശീലിക്കുക.
ഈ പ്രാണായാമ രീതിയ്ക് അനുലോമ - വിലോമ പ്രാണായാമം എന്നു പറയുന്നു. സാധാരണ ചെയ്യുന്ന പ്രാണായാമം ഇതാണ്. ഇതിന് നാഡീശോധന പ്രാണായാമം എന്നും പറയും. ( ഇതല്ലാതെ 8 തരത്തില്‍ പ്രാണായാമം ഉണ്ട് . അത് സാധാരണക്കാര്‍ക്ക് അത്യാവശ്യമില്ല. താല്‍പ്പര്യമുള്ളവര്‍ക്കായി പിന്നീട് വിവരിക്കാം)
അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ ശ്വാസം നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തരുത്. അവര്‍ ശ്വാസം ഉള്ളിലെടുത്ത് ഇരട്ടി സമയം കൊണ്ട് പുറത്തു വിടുക. കുംഭകം ഒഴിവാക്കുക.
ഗുണങ്ങള്‍
1. സ്ഥിരമായ പരിശീലനം കൊണ്ട് ശ്വാസകോശങ്ങള്‍ വികസിക്കുന്നു.
2. ആസ്ത്മ രോഗത്തില്‍ നിന്ന് മുക്തി കിട്ടുന്നു.
3. ഏകാഗ്രത, മനോ നിയന്ത്രണം എന്നിവ കൈവരുന്നു.
4. ഓര്‍മ്മശക്തി, കര്‍മ്മകുശലത ഇവ വര്‍ദ്ധിക്കുന്നു.
5. മനസ്സിന് ശാന്തിയും സമാധാനവും കൈവരുന്നു.
6. ആത്മീയ കാര്യങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് ഉയര്‍ന്ന തലങ്ങളിലുള്ള സാധനയ്ക്കും ധ്യാനത്തിനും ഉള്ള കഴിവ് വര്‍ദ്ധിക്കുന്നു.
ഇനി യോഗ ഗൌരവമായി കാണുന്നവര്‍ക്കായി ചിലത്.
യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്‍) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.
ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.
ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്‍ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥ സാധകന്‍ ഇവിടെ നിന്ന് ആത്മസാക്ഷാത്കാരത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ പ്രാപ്തനാകുന്നു. പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നീ തലങ്ങള്‍ അയാള്‍ക്ക് സംവേദനക്ഷമം ആകുന്നു. അത് അയാളെ മോക്ഷത്തിലേക്ക് നയിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ