5,000 രൂപയ്ക്ക് ഹിന്ദി പ്രചാരസഭയില്‍ നിന്ന് പിഎച്ച്.ഡി
Posted on: 26 Nov 2011
കൊച്ചി: 25,000 രൂപയെങ്കിലും നല്‍കിയാല്‍ ഉത്തരേന്ത്യയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം വിലയ്ക്ക് വാങ്ങാം. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കൊച്ചിയിലെ ഹിന്ദി പ്രചാരസഭയിലെ ചിലര്‍ തന്നെയാണ് പിഎച്ച്ഡി കച്ചവടം നടത്തിയിട്ടുള്ളത്.
സിബിഐ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ ചുരുള്‍ അഴിയുമ്പോള്‍ പിഎച്ച്.ഡി. വില്പനയും പുറത്താകുന്നു. ഭരണസമിതിയുമായി ബന്ധപ്പെട്ടവര്‍ തങ്ങളുടെ സ്വന്തക്കാരായ അഞ്ച് പേര്‍ക്കെങ്കിലും പിഎച്ച്.ഡി. തരപ്പെടുത്തിക്കൊടുത്തതായി കേന്ദ്രസമിതിക്ക് വിവരം കിട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഇതുകൂടി ഉള്‍പ്പെടുത്താന്‍ ഉന്നതാധികൃതര്‍ ആവശ്യപ്പെടും.
ഒക്ടോബറില്‍ സഭയുടെ കേരള ഘടകം പ്രസിഡന്‍റ് സ്ഥാനം താന്‍ രാജിവെച്ചതായി എം.എസ്. മുരളീധരന്‍ അവകാശപ്പെടുന്നു. പക്ഷേ, ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് അദ്ദേഹം ഇതുവരെ നല്‍കിയിട്ടില്ലെന്ന് സഭയുടെ വക്താവ് അറിയിച്ചു. കൊടുങ്ങല്ലൂരില്‍ ഹിന്ദി പ്രചാരസഭയ്ക്ക് സമാന്തരമായി ഹിന്ദി പ്രചാരകേന്ദ്രം എന്നൊരു സ്ഥാപനം അദ്ദേഹം നടത്തുന്നുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയില്‍ അതിന്റെ സെക്രട്ടറിയായിട്ടാണ് എം.എസ്. മുരളീധരന്റെ സ്ഥാനം. ഹിന്ദി പ്രചാരസഭയുടെ നിരവധി പൊതുയോഗങ്ങള്‍ ഹിന്ദി പ്രചാര കേന്ദ്രത്തില്‍ ചേര്‍ന്നതായും ആക്ഷേപമുണ്ട്.
അലഹബാദില്‍ നിന്ന് കേരളത്തിലെ ബി.എഡിന് തുല്യമായ ശിക്ഷാവിശാരദ് ട്രെയിനിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും ഹിന്ദി പ്രചാരസഭയുടെ ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് പലര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. ഇതും പിഎച്ച്.ഡി. പോലുള്ള കച്ചവടമായിരുന്നു. ഈ ബിരുദത്തിന്റെ അംഗീകാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചതോടെ പല അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയിട്ടുള്ള 36-ഓളം ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സഭയുടെ കീഴില്‍ ചോറ്റാനിക്കരയിലുള്ള പബ്ലിക് സ്‌കൂളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ച രേഖകള്‍ സിബിഐ സംഘം വെള്ളിയാഴ്ച പിടിച്ചെടുത്തിട്ടുണ്ട്. ഭരണസമിതിയില്‍പ്പെട്ട ചിലര്‍ തന്നെയാണ് നിയമനത്തിന് പിന്നിലുള്ളത്. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബിജു വള്ളുവനാടന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് എതിരെ സിബിഐ അഴിമതിക്ക് കേസ് എടുത്ത് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരുമെന്ന് സിബിഐ കരുതുന്നു. സഭയുടെ ഇപ്പോഴത്തെ സെക്രട്ടറി വിജയകുമാരന്‍ നായരില്‍ നിന്ന് തിങ്കളാഴ്ച സിബിഐ മൊഴിയെടുക്കും. അദ്ദേഹത്തോട് സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സഭയുടെ ഇപ്പോഴത്തെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന് അന്വേഷണ സമിതി ശുപാര്‍ശ ചെയ്തതോടെയാണ് വിജയകുമാരന്‍ നായരെ കേന്ദ്ര സമിതി സെക്രട്ടറിയായി നിയോഗിച്ചത്. അതോടെ ഭരണസമിതി ശീതസമരം തുടങ്ങി. ബാങ്ക് ഇടപാടുകള്‍ സ്തംഭിച്ചു. അധ്യാപകര്‍ക്ക് മൂന്നുമാസത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഇടപെടേണ്ടി വന്നു.
സഭയുടെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് സിബിഐ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വസ്തുക്കളുടെ ആധാരങ്ങളും മറ്റ് രേഖകളും അടുത്ത ദിവസങ്ങളിലായി സിബിഐ സംഘം പരിശോധിക്കും. ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് ഇനത്തില്‍ 35 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ