2012, നവംബർ 5, തിങ്കളാഴ്‌ച


कहानी
आदमी का बच्चा
(यशपाल )
മുതിര്‍ന്നവരുടേയും കുട്ടികളുടേയും ചിന്തകള്‍ വ്യത്യസ്തമാണ്.
അഭ്യസ്തവിദ്യരും പണക്കാരുമായ ചില മുതിര്‍ന്ന ആളുകള്‍ എഴുത്തും വായനയുമറിയാതെ ദരിദ്രരെ പരിഹാസ്യരും ഹീനരുമായി കണക്കാക്കാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ കുട്ടികളുടെ മനസ്സില്‍ ഈ ചിന്തയില്ല.അവര്‍ സമ്പന്നരുടേയും
ദരിദ്രരുടേയും കുട്ടികള്‍ക്കിടയില്‍ യാതൊരു വ്യത്യാസവും കാണുന്നില്ല.
ബഗ്ഗാ സാഹബ് മില്ലില്‍ ചീഫ് എഞ്ചിനീയര്‍ ആണ്.അയാളുടെ ഒരേയൊരു മകളായ അഞ്ചു വയസ്സുകാരി ഡോളി കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുന്നു.ഉച്ചയ്ക്ക് ആയ ബിന്ദി
കുട്ടിയെ സ്കുളില്‍ നിന്നും കൂട്ടികൊണ്ടു വരുന്നു.അതിനുശേഷം കുട്ടി ആയയോടൊപ്പമാണ് സമയം ചിലവ‍ഴിക്കുന്നത്.ഡോളി ബംഗ്ളാവിന്റെ പിന്നില്‍ താമസിക്കുന്ന തോട്ടക്കാരന്റെ നവജാതശിശുവിനെ മടിയിലിരുത്തി ലാളിക്കാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ സംസ്കാരശൂന്യരായ കുട്ടികളുമായി ഇടപഴകിയാല്‍ ഡോളിയുടെ സ്വഭാവം മോശമാകുമെന്ന ഭയത്താല്‍ അവിടെ പോകാന്‍ പാടില്ലെന്ന് ഡോളിയുടെ അമ്മ വിലക്കി.
ഒരു ദിവസം ഡോളിയുടെ അമ്മ മകള്‍ തോട്ടക്കാരന്റെ വീട്ടില്‍ നിന്നും വരുന്നതായി കണ്ടു.ആയയും ഒപ്പമുണ്ട്.ഇനി മേലില്‍ ഡോളി ആ വീട്ടില്‍ പോകുകയോ അവിടെയുളള കുട്ടികളുമായി കളിക്കുകയോ ചെയ്തതായി അറിയാനിടയായാല്‍
ഇവിടുത്തെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന് ആയയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ബഗ്ഗാ സാഹിബിന്റെ ബംഗ്ളാവില്‍ ഒരു വിചിത്രഇനം പട്ടിയുണ്ടായിരുന്നു.പുതിയതായി അവിടെ എത്തുന്നവര്‍ക്ക് അതിനെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.ആ പട്ടിയ്ക്ക്
കുഞ്ഞുങ്ങള്‍ ഉണ്ടായ ദിവസം ഡോളിയ്ക്ക് ഉത്സവമായിരുന്നു.
അവയുടെ അടുത്തു നിന്ന് അല്‍പ്പസമയം പോലും മാറി നില്‍ക്കാന്‍ ഡോളിയ്ക്ക് കഴിയുമായിരുന്നില്ല.
പലരും പട്ടിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ ആഗ്രഹിച്ചു.എന്നാല്‍ ബഗ്ഗാസാഹബ് അവയെ ചൂടുവെളളത്തില്‍ മുക്കി കൊല്ലാന്‍
നിര്‍ദ്ദേശിച്ചു.ഇത്രയും കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കാന്‍ അവയുടെ അമ്മയ്ക്ക് കഴിയാഞ്ഞതു കൊണ്ടാണ് അവയെ കൊന്നു കളഞ്ഞതെന്ന് ആയ ഡോളിയോട് പറഞ്ഞു.
ഒരു ദിവസം സന്ധ്യയ്ക്ക് മാനേജര്‍ സാഹിബിന്റെ കുട്ടികളോടൊപ്പം കളിയും കഴിഞ്ഞ് ഡോളി ബംഗ്ളാവിലേയ്ക്ക്
വരുകയായിരുന്നു.ആ സമയം തോട്ടക്കാരന്‍ കഴിഞ്ഞ ദിവസം
ഉണ്ടായ കുഞ്ഞിനെ വെളളത്തുണിയില്‍ പൊതിഞ്ഞ് വെളിയിലേയ്ക്ക് കൊണ്ടുപോകുന്നതും കുട്ടിയുടെ അമ്മ പിന്നാലെ കരഞ്ഞു കൊണ്ട് പോകുന്നതും കാണാനിടയായി. കുഞ്ഞ്
മരിച്ചു പോയി...എന്ന് ആയ ഡോളിയോട് പറയുകയുണ്ടായി.
ഇതേ കുറിച്ച് ഡോളിയുടെ സംശയം ഇതായിരുന്നു.
കുഞ്ഞിനെ ചൂടുവെളളത്തില്‍ മുക്കി കൊന്നതാണോ ….
ആയ – മനുഷ്യ കുഞ്ഞുങ്ങളെ അങ്ങനെ കൊല്ലാറില്ല.
ഡോളി- മനുഷ്യകുട്ടികള്‍ പിന്നെ എങ്ങനെയാണ് മരിക്കുന്നത് ..
ആയ- അതു മരിച്ചു.. വിശപ്പു കൊണ്ട് മരിച്ചു.
ഡോളി - നമ്മളും വിശന്നു മരിക്കുമോ...
ആയ ആദ്യം കുഞ്ഞിനെ ശാസിച്ചു.പക്ഷേ പിന്നീട് കുട്ടിയുടെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോള്‍ അവരിലെ അമ്മയുടെ മനസ്സ്
അലിഞ്ഞു.അവര്‍ ഡോളിയോട് പറ‍ഞ്ഞു- വിശന്നു മരിക്കുന്നത്
മ്ളേച്ഛരുടെ കുട്ടികളാണ്.
അപ്പോഴേയ്കക്കും ആയയുടെ തൊണ്ടയിടറിയിരുന്നു.സ്വന്തം
കുഞ്ഞിന്റെ മുഖം അവരുടെ ഓര്‍മ്മയില്‍ തെളിഞ്ഞു.രണ്ടു വര്‍ഷം മുന്‍പ് …..അതിനുശേഷമാണ് അവര്‍ സാഹിബിന്റെ വീട്ടില്‍
ജോലിയ്ക്കു വന്നു തുടങ്ങിയത്.
ഈ കഥയില്‍ രണ്ടു വിഭാഗത്തിലുളള കഥാപാത്രങ്ങള്‍ ഉണ്ട്.
സമ്പന്നരും ദരിദ്രരും.ബഗ്ഗാ സാഹബും കുടുംബവും പണക്കാരേയും തോട്ടക്കാരനും ആയയും പാവങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.ഡോളി സമ്പന്നകുടുംബത്തിലെ അംഗമാണെങ്കിലും അവളുടെ മനസ്സ് ദരിദ്രരുടെ ഭാഗത്താണ്.ശ്രീ.യശ്പാലിന്റെ മനശ്ശാസ്ത്രാധിഷ്ഠിതമായ ഈ
കഥയെ ഒരു മാതൃകാ കഥയാക്കി വിശേഷിപ്പിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ